You are currently viewing കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

കണ്ണൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ വീട്ടിലാണ് സംഭവം. റിട്ടയേർഡ് അധ്യാപിക ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. പി.എസ്.സി പരീക്ഷകൾക്കായി വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു നവീൻ.
ചൊവ്വാഴ്ച (നവംബർ 10) രാവിലെ ഒൻപതരയോടെയാണ് സംഭവം പുറത്തറിയുന്നത്. ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയ ജ്യോതിയുടെ ഭർത്താവും റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരനുമായ ജയകൃഷ്ണനാണ് വീടിന്റെ രണ്ടാം നിലയിൽ ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് മുമ്പ് അമ്മയും മകനും തമ്മിൽ വീട്ടിൽ വാക്കുതർക്കമുണ്ടായിരുന്നതായാണ് സൂചന. തുടർന്ന് നവീൻ അമ്മയെ ആക്രമിക്കുകയും പിന്നീട് സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

സംഭവസ്ഥലത്തുനിന്ന് പോലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്. പുറത്തുനിന്ന് ആരെങ്കിലും വീട്ടിൽ അതിക്രമിച്ചുകയറിയതിന്റെ സൂചനകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ യഥാർഥ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനകൾ തുടരുകയാണ്.

Leave a Reply