
കണ്ണൂർ: മുതിർന്ന സിപിഐ(എം) നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി. സഹദേവൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ എൽഡിഎഫ് ജില്ലാ കൺവീനറായും അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു.

ബീഡിത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിലൂടെ പൊതുരംഗത്തെത്തിയ കെ.പി. സഹദേവൻ ആറര പതിറ്റാണ്ടിലേറെക്കാലം തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച അദ്ദേഹം ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1955–56 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

1964-ൽ സിപിഐ(എം) രൂപീകൃതമായതുമുതൽ 1978 വരെ കണ്ണൂർ മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2005 മുതൽ 2022 വരെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം, ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു.
രാഷ്ട്രീയ പ്രവർത്തനത്തിനിടെ നിരവധി പീഡനങ്ങളും പ്രതിസന്ധികളും നേരിട്ട നേതാവായിരുന്നു കെ.പി. സഹദേവൻ. അടിയന്തരാവസ്ഥക്കാലത്ത് മിസ (MISA) പ്രകാരം 20 മാസം ജയിൽവാസമനുഷ്ഠിച്ചു. വിവിധ കാലയളവുകളിലായി രണ്ടുവർഷത്തോളം അധികമായും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സമരങ്ങൾക്കിടെ ക്രൂരമായ പൊലീസ് മർദനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.
കെ.പി. സഹദേവന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലുവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കാട് തുളിച്ചേരി കോർജാൻ സ്കൂളിന് പിന്നിലുള്ള വസതിയിൽ പൊതുദർശനമുണ്ടാകും. ശനിയാഴ്ച രാവിലെ ഒൻപതു മുതൽ സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകിട്ട് മൂന്നു മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും.
ശനിയാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്താണ് സംസ്കാരം നടക്കുക. കെ.പി. സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തൊഴിലാളി പ്രസ്ഥാനത്തിനും കണ്ണൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.