
കണ്ണൂർ:പാപ്പിനിശ്ശേരി-വളപട്ടണം പാലം ഭാഗത്ത് പ്രധാന സമയങ്ങളിൽ വൻ ചരക്കുവാഹനങ്ങൾ മൂലം രൂപപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടി അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് കണ്ണൂർ ജില്ലാ കലക്ടറെ നേരിട്ടുകണ്ട് നിവേദനം നൽകി.

രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകിട്ട് 3 മണി മുതൽ 6 മണി വരെയും വൻ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും വളപട്ടണം പാലത്തിൽ അടിയന്തരമായി റീടാറിങ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.

വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്നും കലക്ടർ എംഎൽഎയ്ക്ക് ഉറപ്പുനൽകി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപനും നിവേദന സമർപ്പണ വേളയിൽ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.