You are currently viewing ‘എന്റെ ഇഷ്ട ഫോട്ടോഗ്രാഫർ’; കൊല്ലം മോഹനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മോഹൻലാൽ

‘എന്റെ ഇഷ്ട ഫോട്ടോഗ്രാഫർ’; കൊല്ലം മോഹനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മോഹൻലാൽ

കൊല്ലം മോഹന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഒരുകാലത്ത് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നാന സിനിമാ വാരികയിലെ ചിത്രങ്ങൾക്ക് ദൃശ്യചാരുത പകർന്ന അതുല്യ പ്രതിഭയായിരുന്നു കൊല്ലം മോഹനെന്ന് മോഹൻലാൽ അനുസ്മരിച്ചു. തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

“ഒരുകാലത്ത് നാന സിനിമാ വാരികയിലൂടെ പുറത്തുവരുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമാപ്രേമികൾ ധാരാളം ഉണ്ടായിരുന്നു. താരവിശേഷങ്ങളും ചിത്രങ്ങളും നിറഞ്ഞ ഓർമ്മകളുടെ കാഴ്ചവസന്തം. ആ ചിത്രങ്ങൾക്ക് ദൃശ്യചാരുതയേകിയ കൊല്ലം മോഹൻ എന്ന അതുല്യ പ്രതിഭ എനിക്ക് മോഹൻ ചേട്ടനാണ്” – മോഹൻലാൽ കുറിച്ചു.

സിനിമാ സെറ്റുകളിലും പുറത്തുമായി മോഹൻ ചേട്ടനൊപ്പം ഒട്ടേറെ രസകരമായ അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും നേരിൽ കാണുമ്പോൾ ചേർത്തുപിടിച്ച് സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്നേഹപൂർവമായ പെരുമാറ്റം മറക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു.

തന്നെക്കുറിച്ചുള്ള ചിത്രസഹിതമായ പുസ്തകം ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണെന്നും അദ്ദേഹം ഓർമിച്ചു. മോഹൻ ചേട്ടന്റെ ക്യാമറക്കണ്ണുകൾ നിശ്ചലമായെങ്കിലും അദ്ദേഹം പകർത്തിയ നിരവധി വർണചിത്രങ്ങൾ മലയാളികളുടെ മനസ്സിൽനിന്ന് ഒരിക്കലും മായില്ലെന്നും മോഹൻലാൽ കുറിപ്പിൽ വ്യക്തമാക്കി.

“എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്ന വാക്കുകളോടെയാണ് മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിച്ചത്.

Leave a Reply