You are currently viewing വടക്കഞ്ചേരി മേൽപ്പാലത്തിലെ തുടർച്ചയായ തകരാറുകൾ; പരിശോധനയ്ക്കായി മദ്രാസ് ഐ.ഐ.ടി. സംഘം എത്തി

വടക്കഞ്ചേരി മേൽപ്പാലത്തിലെ തുടർച്ചയായ തകരാറുകൾ; പരിശോധനയ്ക്കായി മദ്രാസ് ഐ.ഐ.ടി. സംഘം എത്തി

പാലക്കാട്: ദേശീയപാത 544-ൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഗുരുതരമായ തകരാറുകൾ പരിശോധിക്കുന്നതിനായി മദ്രാസ് ഐ.ഐ.ടിയിലെ ഉദ്യോഗസ്ഥ സംഘം വടക്കഞ്ചേരിയിലെത്തി. മേൽപ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് വിദഗ്ധ സംഘം നേരിട്ടെത്തി പരിശോധന നടത്തുന്നത്.

മേൽപ്പാലത്തിലെ തുടർച്ചയായ തകരാറുകളിൽ ഉന്നതതല സാങ്കേതിക അന്വേഷണം നടത്തണമെന്നും സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടപ്പാക്കണമെന്നും ആലത്തൂർ എം.പി. കെ. രാധാകൃഷ്ണനും തരൂർ എം.എൽ.എ പി.പി. സുമോദും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഭാഗമായാണ് ചെന്നൈയിൽനിന്നുള്ള മദ്രാസ് ഐ.ഐ.ടി. ഉദ്യോഗസ്ഥ സംഘം വടക്കഞ്ചേരിയിലെത്തിയത്. സംഘത്തെ നേരിൽ കണ്ട പി.പി. സുമോദ് മേൽപ്പാലത്തിന്റെ നിലവിലെ സ്ഥിതിഗതികൾ, തുടർച്ചയായി ഉണ്ടാകുന്ന തകരാറുകൾ, യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിശദമായി ധരിപ്പിച്ചു.

മേൽപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തകരാറുകളുടെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ പരിശോധനകൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

Leave a Reply