You are currently viewing ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; പ്രതി രാജേഷ് അറസ്റ്റിൽ

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; പ്രതി രാജേഷ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ രാജേഷിനെ (44) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ചടയമംഗലം കുരിയോടുള്ള വീട്ടിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലുണ്ടായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വസ്ത്രത്തിൽ പിടിച്ച് ഹാളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം വടികൊണ്ട് ക്രൂരമായി മർദിച്ചതായാണ് വിവരം.

കുട്ടിയുടെ അമ്മയാണ് മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ആദ്യ വിവാഹത്തിലെ മകനാണെന്ന വിരോധം കാരണം രാജേഷ് കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

മർദനത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലൂടെ പുറത്തുവന്നതോടെ സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കൊല്ലം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്‌പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനും കർശന നിയമനടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ എസ്‌പി, ചടയമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.

കുട്ടിക്ക് ആവശ്യമായ സംരക്ഷണവും കൗൺസിലിംഗും ഉറപ്പാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply