ബ്രസൽസ്: അനിയന്ത്രിത കുടിയേറ്റവും അഭയാർത്ഥി അപേക്ഷകളുടെ പരിഗണനയും കൂടുതൽ കർശനമാക്കുന്ന യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ ആൻഡ് അസൈലം പാക്ട് ജൂൺ 12 മുതൽ പ്രാബല്യത്തിൽ വന്നു. 27 അംഗരാജ്യങ്ങളിലുമായി ഏകീകൃത നടപടിക്രമം നടപ്പിലാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. എന്നാൽ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രായോഗിക വെല്ലുവിളികൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പുതിയ ചട്ടപ്രകാരം, യൂറോപ്യൻ അതിർത്തിയിലെത്തുന്ന അനധികൃത കുടിയേറ്റക്കാർക്ക് പരമാവധി ഏഴ് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കും. തിരിച്ചറിയൽ രേഖകൾ, സുരക്ഷാ പരിശോധന, ആരോഗ്യ പരിശോധന എന്നിവ ഇതിന്റെ ഭാഗമാകും.
‘സുരക്ഷിത രാജ്യങ്ങളിൽ’ നിന്നുള്ളവരുടെയോ സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്നവരുടെയോ അഭയാർത്ഥി അപേക്ഷകൾ അതിവേഗ നടപടിക്രമത്തിലൂടെ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കും. അഭയാർത്ഥി പദവി നിഷേധിക്കപ്പെടുന്നവരെ വേഗത്തിൽ നാടുകടത്തുന്നതിനും പുതിയ സംവിധാനം വഴിയൊരുക്കുന്നു.
ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയന് പുറത്തുള്ള മൂന്നാം രാജ്യങ്ങളിൽ ‘റിട്ടേൺ ഹബ്ബുകൾ’ സ്ഥാപിക്കാനും പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്. സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഇതിനായി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗ്രീസ്, ഇറ്റലി പോലുള്ള അതിർത്തി രാജ്യങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി ‘സോളിഡാരിറ്റി മെക്കാനിസം’ എന്ന സംവിധാനം പാക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മറ്റ് അംഗരാജ്യങ്ങൾ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യേണ്ടിവരും.
അതേസമയം, മനുഷ്യാവകാശ സംഘടനകൾ പുതിയ നിയമത്തിനെതിരെ ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിവേഗ തീരുമാനങ്ങളിലൂടെ കൂടുതൽ അപേക്ഷകൾ തള്ളപ്പെടാനും അതിർത്തി തടങ്കലുകൾ വർധിക്കാനും അഭയാർത്ഥികൾക്കുള്ള സംരക്ഷണം ദുർബലമാകാനും സാധ്യതയുണ്ടെന്നാണ് ഇവരുടെ വിമർശനം.
കുടിയേറ്റ നിയന്ത്രണവും മനുഷ്യാവകാശ സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്താനുള്ള യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ പരീക്ഷണമായാണ് പുതിയ മൈഗ്രേഷൻ ആൻഡ് അസൈലം പാക്ടിനെ വിലയിരുത്തുന്നത്.