
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികളുമായി എം.എൽ.എ വിനു ജോബ് കുഴിമണ്ണിൽ. എ.സി. കനാൽ നവീകരണം, മനയ്ക്കച്ചിറ ടൂറിസം വികസനം, ചങ്ങനാശ്ശേരിയുടെ അഭിമാനമായ ജലമേളയുടെ പുനരുജ്ജീവനം എന്നിവയ്ക്കായി ടൂറിസം വകുപ്പിന്റെ പിന്തുണ തേടി എം.എൽ.എ മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരിൽ കണ്ട് ആശയക്കുറിപ്പ് സമർപ്പിച്ചു. പദ്ധതിക്ക് അനുകൂലമായ പ്രതികരണം ലഭിച്ചതായി എം.എൽ.എ അറിയിച്ചു.

എ.സി. കനാലിനെ കേന്ദ്രീകരിച്ച് പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി, തുഴച്ചിൽ ബോട്ടുകൾ, കയാക്കിംഗ് തുടങ്ങിയ ജലവിനോദങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മനയ്ക്കച്ചിറയിൽ നടപ്പാതകൾ, പവിലിയനുകൾ, വൈദ്യുത വഴിവിളക്കുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്.
സഞ്ചാരികൾക്കായി ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളും വിഭാവനം ചെയ്യുന്നു. കുടുംബശ്രീ യൂണിറ്റുകൾക്കും ചെറുകിട സംരംഭകർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

ചങ്ങനാശ്ശേരിയുടെ പാരമ്പര്യവും അഭിമാനവുമായ ജലമേള പുനരുജ്ജീവിപ്പിക്കുന്നതിനും പരിപാടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനുമായി ടൂറിസം മന്ത്രിയെ എം.എൽ.എ ക്ഷണിച്ചു.
ആലപ്പുഴ–ചങ്ങനാശ്ശേരി–കോട്ടയം മേഖലകളെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
ഏകദേശം 1.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രൂപരേഖ ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന ഐ.എ.എസിനും സമർപ്പിച്ചിട്ടുണ്ട്. ഇറിഗേഷൻ, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ അറിയിച്ചു.
ചങ്ങനാശ്ശേരിയിലെ കനാലുകളെ ടൂറിസം കേന്ദ്രങ്ങളായും പ്രാദേശിക വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും സ്രോതസ്സുകളായും മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.