അബുദാബി: യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ പുതിയ ഔട്ട്‌സോഴ്‌സ് സേവനദാതാവായി എം/എസ് അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽ എൽഎൽസിയെ നിയമിച്ചതായി ഇന്ത്യൻ എംബസി അബുദാബി അറിയിച്ചു. 2026 ജൂലൈ 1 മുതൽ പുതിയ സേവനദാതാവ് ഔദ്യോഗികമായി ചുമതലയേൽക്കും.
സേവനദാതാവിന്റെ മാറ്റവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി നിലവിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണലും അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്ന എസ്‌ജിഐവിഎസ് ഗ്ലോബലും 2026 ജൂൺ 25 വ്യാഴാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കും.
ജൂൺ 26 മുതൽ 30 വരെ നീളുന്ന ഇടക്കാലഘട്ടത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള സാധാരണ അപ്പോയിന്റ്മെന്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി അബുദാബിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും നേരിട്ട് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടിയന്തര ആവശ്യങ്ങളുള്ളവർ ടോൾ ഫ്രീ നമ്പറായ 800 46342 (800 INDIA), വാട്സ്ആപ്പ് നമ്പർ +971 54 309 0571, ഇമെയിൽ വിലാസമായ pbsk.dubai@mea.gov.in എന്നിവ വഴി ബന്ധപ്പെടാവുന്നതാണ്.
ജൂലൈ 1 മുതൽ ലഭ്യമാകുന്ന കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ അപ്പോയിന്റ്മെന്റ് പോർട്ടൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽ എൽഎൽസി ഉടൻ ആരംഭിക്കുമെന്നും എംബസി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഇന്ത്യൻ എംബസി അബുദാബിയുടെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും മാത്രം പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.