തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഉത്തർപ്രദേശിലെ ലക്നൗ നഗരത്തിലെ അലിഗഞ്ച് മേഖലയിലെ മൂന്നുനില വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ അഗ്നിബാധയിൽ 14 വിദ്യാർഥികൾ ദാരുണമായി മരിച്ചു. ഉഷാ മേത്ത മാർഗ്–പുരാനിയ, സെക്ടർ ഡി പ്രദേശത്തെ കെട്ടിടത്തിലാണ് അപകടം നടന്നത്. മരണസംഖ്യ 15 ആയി ഉയർന്നേക്കാമെന്ന ആശങ്കയും അധികൃതർ പ്രകടിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു പെറ്റ് ഷോപ്പും മുകളിലെ നിലകളിൽ അനിമേഷൻ പരിശീലന കേന്ദ്രവും കോച്ചിംഗ് സെന്ററും പ്രവർത്തിച്ചുവരികയായിരുന്നു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ കനത്ത പുകയും ജ്വാലകളും നിറഞ്ഞതോടെ നിരവധി വിദ്യാർഥികൾ കുടുങ്ങിപ്പോയി. മരിച്ചവരിൽ ഭൂരിഭാഗവും 16 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളാണെന്ന് അധികൃതർ അറിയിച്ചു.
ജീവൻ രക്ഷിക്കാൻ ചില വിദ്യാർഥികൾ ഒന്നാം നിലയിലെയും അതിന് മുകളിലെയും ഭാഗങ്ങളിൽ നിന്ന് താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി 14-ലധികം ഫയർ എൻജിനുകളും ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുകളും വിന്യസിച്ചു. സമീപ കെട്ടിടത്തിന്റെ ചുമർ തുരന്ന് അകത്തുകയറുകയും ഏണികൾ ഉപയോഗിച്ച് വിദ്യാർഥികളെ പുറത്തെടുക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
തീപിടിത്തം നിയന്ത്രണവിധേയമാക്കിയ ശേഷവും കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞ നില തുടർന്നതിനാൽ മുറികൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടെ വിശദമായി പരിശോധിച്ചാണ് തിരച്ചിൽ നടത്തിയത്.
സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് 14 മരണങ്ങൾ സ്ഥിരീകരിക്കുകയും സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കെട്ടിടത്തിൽ ആവശ്യമായ ഫയർ എക്സിറ്റുകൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ട്രോമ സെന്റർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. അതേസമയം, തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.