
കൊല്ലം: ശൂരനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജൻ (17) ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനമാണ് നിരഞ്ജന്റെ മരണത്തിന് കാരണമെന്നാരോപിച്ച് മൃതദേഹവുമായി സ്കൂളിന് മുന്നിൽ വൻ പ്രതിഷേധം നടന്നു.
തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികളും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സ്കൂൾ പരിസരത്ത് പ്രതിഷേധിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു. കുടുംബം നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ പ്രിൻസിപ്പലും അധ്യാപകരും മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് നിരഞ്ജനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ രക്ഷിതാക്കളെ സ്കൂൾ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതും നിരഞ്ജനെ മാനസികമായി തളർത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു.

അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി നാളെ (നവംബർ 24) മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്ള എ.യാണ് ഇക്കാര്യം അറിയിച്ചത്.
നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.