You are currently viewing തപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

തപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

ആലപ്പുഴ: ഭാരതീയ തപാൽ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് കീഴിലുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI), റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) പദ്ധതികളിലേക്ക് ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നു. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ഉദ്യോഗാർഥികൾക്കാണ് അവസരം.

തിരഞ്ഞെടുപ്പിനായി ജൂൺ 15-ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് അഭിമുഖം.

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും 18 വയസ് പൂർത്തിയുമായവർക്ക് ഡയറക്റ്റ് ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അഭ്യസ്തവിദ്യരായ യുവാക്കൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ പ്രവർത്തകർ, ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്.

ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് ഗ്രൂപ്പ് എ/ബി തസ്തികകളിൽ നിന്നടക്കം വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്കെതിരെ തീർപ്പാക്കാത്ത ഔദ്യോഗികമോ അച്ചടക്കപരമോ ആയ അന്വേഷണം പാടില്ല.

ഇൻഷുറൻസ് മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം നിലവിലുള്ള ഏജൻസി റദ്ദാക്കേണ്ടതാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർ 5,000 രൂപ മൂല്യമുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) അല്ലെങ്കിൽ കിസാൻ വികാസ് പത്ര (KVP) ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ പ്ലെഡ്ജ് ചെയ്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഏജൻസി അവസാനിപ്പിക്കുന്ന സമയത്ത് ഇത് തിരികെ നൽകും.

അഭിമുഖത്തിന് മുൻകൂർ രജിസ്ട്രേഷൻ നടത്തുന്നതിനായി ഉദ്യോഗാർഥികൾ ബയോഡാറ്റ ജൂൺ 15-ന് മുമ്പ് dopli4alappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ 8547680324 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായോ അയയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply