
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ആഴമേറിയ കൊക്കയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു. ചുരാഹ് ഉപവിഭാഗത്തിലെ ബൈരാഗഡ്–സാച് പാസ്–കില്ലാർ റോഡിലാണ് ദാരുണ അപകടം നടന്നത്.

മെയ് 29-ന് അർധരാത്രിയോടെയാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചതെന്ന് പൊലീസ് അറിയിച്ചു. അതീവ ദുർഘടമായ ഭൂപ്രദേശത്ത് മണിക്കൂറുകളോളം നീണ്ട തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് അപകടസ്ഥലത്ത് നിന്ന് എട്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.
മരിച്ചവരിൽ ഛത്തീസ്ഗഢിൽ നിന്നുള്ള ഏഴ് വിനോദസഞ്ചാരികളും വാഹനത്തിന്റെ ഡ്രൈവറും ഉൾപ്പെടുന്നു. വിനോദയാത്രയ്ക്കായി ഹിമാചലിലെത്തിയ സംഘം ഡൽഹൗസിയിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. മെയ് 29-ന് സാച് പാസിലേക്ക് യാത്ര തിരിച്ച ഇവർ വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആരംഭിച്ച അന്വേഷണത്തിനിടെയാണ് ബൈരാഗഡ്–സാച് പാസ്–കില്ലാർ റോഡിന് സമീപമുള്ള ആഴമേറിയ കൊക്കയിൽ വാഹനം കണ്ടെത്തിയത്. അപകടസ്ഥലം അതീവ ദുർഘടവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ മേഖലയിലായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ചമ്പ ജില്ലാ പൊലീസ് സൂപ്രണ്ട് വിജയ് സക്ലാനി പറഞ്ഞു.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.