
പത്തനംതിട്ട, ഒക്ടോബർ 1, 2026– കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂഴിയാർ-ഗവി റോഡിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബർ 1 മുതൽ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ നിസാമുദ്ദീൻ എ ഐഎഎസ് ഉത്തരവിറക്കി.

ദുരന്ത നിവാരണ നിയമം 2005-ലെ വകുപ്പുകൾ 30, 34 പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നടപടി.

ഓഗസ്റ്റ് ആദ്യവാരം പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ നിന്ന് ഗവിയിലേക്കും വണ്ടിപ്പെരിയാറിലേക്കും പോകുന്ന റോഡ് അപകടാവസ്ഥയിലായിരുന്നു. മൂഴിയാറിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ പെൻസ്റ്റോക്ക് പൈപ്പ് ലൈനിന് സമീപമുണ്ടായ വലിയ മണ്ണിടിച്ചിലാണ് കാരണം.
ചോരക്കക്കി/വാൽവ് ഹൗസ് ഭാഗത്തെ മണ്ണിടിച്ചിൽ വിലയിരുത്തിയശേഷം, പ്രാദേശിക താമസക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾക്ക് മാത്രം കർശന നിബന്ധനകളോടെ ഇതുവഴി താൽക്കാലികമായി ഗതാഗതം അനുവദിച്ചിരുന്നു. മഴയോ കാലാവസ്ഥാ മുന്നറിയിപ്പോ ലഭിക്കുന്ന പക്ഷം സർവീസ് ഉടൻ നിർത്തിവയ്ക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ വ്യവസ്ഥ പ്രകാരമാണ് ഇപ്പോൾ പൂർണ നിരോധനം.
റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ റിപ്പോർട്ടുകളും കത്തുകളും പരിഗണിച്ചാണ് ഉത്തരവ്.