
അടൂർ: അടൂർ കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷൻ സമീപത്ത് ഇന്ന് പുലർച്ചെയുണ്ടായ ദാരുണ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കല്ല് ചിപ്പ്സ് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം റോഡരികിലെ വീടിന്റെ മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

അപകടത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്നു വീഴുകയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പറക്കോട് പീടികയിൽ മറിയം ബീവി-ക്ക് (65) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വൈദ്യുതി പോസ്റ്റും തകർന്നതിനാൽ വൈദ്യുതി വിതരണവും തടസപ്പെട്ടു.