You are currently viewing ജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

ജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സാധാരണക്കാരന് അഭിമാനത്തോടെ ‘എന്റെ പൊലീസ് സ്റ്റേഷൻ’ എന്ന് പറയാൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് പേരൂർക്കടയിൽ തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വലിയ ജനപിന്തുണയോടെയും ആവേശത്തോടെയുമാണ് പദ്ധതിക്ക് തുടക്കമായതെന്ന് ചെന്നിത്തല പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളെ പൂർണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൗരന്റെ അന്തസ്സ് പൂർണമായി മാനിക്കുന്ന സംവിധാനത്തിനാണ് പദ്ധതിയിലൂടെ പ്രാധാന്യം നൽകുന്നത്. മൂന്നാംമുറ പോലുള്ള അപരിഷ്കൃത രീതികൾ പൂർണമായും ഇല്ലാതാക്കുന്നതിനൊപ്പം വനിതകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ജനസൗഹൃദ അന്തരീക്ഷം പൊലീസ് സ്റ്റേഷനുകളിൽ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കി കേരള പൊലീസിനെ കൂടുതൽ കരുത്തുറ്റതും പ്രൊഫഷണലുമായ സംവിധാനമാക്കി മാറ്റാൻ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply