
പാലക്കാട്: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തികൾക്കുശേഷം അറ്റകുറ്റപ്പണികൾ വൈകിയതിനെ തുടർന്ന് ശോചനീയാവസ്ഥയിലായ പുതുനഗരം–കൊല്ലങ്കോട് റോഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കും. നവംബർ 11-നകം പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. കെ. പ്രേമൻ എംഎൽഎയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തികൾ നവംബർ 11-നകം പൂർത്തിയാക്കാനും അതിനുശേഷം റോഡ് അറ്റകുറ്റപ്പണികൾ അടിയന്തരമായി ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.

പൊതുജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് യോഗം നിർദേശിച്ചു. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള തുടർനടപടികൾ ഉറപ്പാക്കാനും തീരുമാനിച്ചു.