You are currently viewing ഓണം യാത്രക്കാർക്ക് ആശ്വാസം; നിസാമുദ്ദീൻ–തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്

ഓണം യാത്രക്കാർക്ക് ആശ്വാസം; നിസാമുദ്ദീൻ–തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്

ന്യൂഡൽഹി: ഓണക്കാലത്തെ അധിക യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ റിസർവ്ഡ് സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 20 എൽ.എച്ച്.ബി കോച്ചുകളുള്ള പ്രത്യേക ട്രെയിൻ ഇരു ദിശകളിലുമായി സർവീസ് നടത്തും.

04080 ഹസ്രത്ത് നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ഓഗസ്റ്റ് 23ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.35ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടും. മൂന്നാം ദിവസം വൈകിട്ട് 5ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.

തിരുവനന്തപുരത്ത് നിന്ന് 04079 തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ഓഗസ്റ്റ് 27ന് വ്യാഴാഴ്ച പുലർച്ചെ 5ന് പുറപ്പെടും. മൂന്നാം ദിവസം രാവിലെ 6.40ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.

പൽവൽ, മഥുര ജങ്ഷൻ, കോട്ട ജങ്ഷൻ, രത്ലാം ജങ്ഷൻ, വഡോദര ജങ്ഷൻ, ഉധ്ന ജങ്ഷൻ, വസായ് റോഡ്, പൻവേൽ, റോഹ, രത്നഗിരി, തിവിം, മഡ്ഗാവ് ജങ്ഷൻ, കർവാർ, കുംട, മൂകാംബിക റോഡ് ബൈന്ദൂർ, കുന്ദാപുര, ഉഡുപ്പി, മംഗളൂരു ജങ്ഷൻ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജങ്ഷൻ, കൊല്ലം ജങ്ഷൻ, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

മൂന്ന് ത്രീ ടയർ എസി കോച്ചുകൾ, നാല് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ, ഒരു എസ്.എൽ.ആർ/ഡി കോച്ച്, ഒരു ജനറേറ്റർ കാർ എന്നിവ ഉൾപ്പെടെ ആകെ 20 എൽ.എച്ച്.ബി കോച്ചുകളാണ് ട്രെയിനിനുണ്ടാകുക.

ഓണക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനായുള്ള പ്രത്യേക സർവീസിന്റെ പ്രയോജനം യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

Leave a Reply