You are currently viewing താമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

താമരശ്ശേരി ചുരം ബൈപ്പാസ്:കേന്ദ്രതലത്തിൽ ഇടപെടുമെന്ന് രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്–മുത്തങ്ങ ദേശീയപാത (NH 766) നാലുവരിപ്പാത വികസനത്തിനും ചിപ്പിളിത്തോട്–മരുതിലാവ്–തളിപ്പുഴ ചുരം ബൈപ്പാസ് പദ്ധതിക്കുമായി വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം സമർപ്പിച്ചു.

താമരശ്ശേരി ചുരത്തിലെ ദീർഘകാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ബൈപ്പാസ് പദ്ധതി അനിവാര്യമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വയനാടിന്റെയും മലബാർ മേഖലയുടെയും സമഗ്ര വികസനത്തിനും സുഗമമായ ഗതാഗത ബന്ധം ഉറപ്പാക്കുന്നതിനും പദ്ധതി നിർണായകമാണെന്നും അവർ വ്യക്തമാക്കി.

നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും, വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ വിഷയം അടിയന്തരമായി കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉറപ്പുനൽകി. പദ്ധതി യാഥാർഥ്യമാക്കുന്നതിനാവശ്യമായ തുടർനടപടികൾക്കായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply