You are currently viewing ‘വെള്ളമില്ലെന്ന വാദം പൊള്ളത്തരം’; പറമ്പിക്കുളം–ആളിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ കൃഷ്ണൻകുട്ടി

‘വെള്ളമില്ലെന്ന വാദം പൊള്ളത്തരം’; പറമ്പിക്കുളം–ആളിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ കൃഷ്ണൻകുട്ടി

പറമ്പിക്കുളം–ആളിയാർ പദ്ധതി (പി.എ.പി) കരാർ തമിഴ്നാട് വീണ്ടും ലംഘിച്ചെന്ന ആരോപണവുമായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം നൽകാൻ കഴിയില്ലെന്ന് തമിഴ്നാട് സംയുക്ത ജല ക്രമീകരണ ബോർഡ് യോഗത്തിൽ വ്യക്തമാക്കിയതോടെ കേരളത്തിലെ കർഷകർ ആശങ്കയിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

പി.എ.പി കരാറിലെ പ്രധാന വ്യവസ്ഥകളായ ചിറ്റൂർ പുഴയിലെ മണക്കടവ് വിയറിലേക്കുള്ള ജലവിതരണവും ചാലക്കുടി പുഴയിലെ കേരള ഷോളയാർ ഡാമിലേക്കുള്ള ജലവിതരണവുമാണ് തമിഴ്നാട് ലംഘിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളമില്ലെന്ന വാദമാണ് തമിഴ്നാട് ഉയർത്തുന്നതെന്നും എന്നാൽ കേരളത്തിന്റെ മണ്ണിൽ സ്ഥിതിചെയ്യുന്ന പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ പത്ത് ടി.എം.സിയിലധികം ജലം സംഭരിച്ചുവെച്ചിരിക്കെയാണ് ഇത്തരമൊരു വാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പറമ്പിക്കുളം–ആളിയാർ കരാർ കേവലം ഒരു നദിയിലെ ജലം പങ്കിടുന്നതിനുള്ളതല്ലെന്നും പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നീ മൂന്ന് നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർ ബേസിൻ വാട്ടർ ട്രാൻസ്ഫർ കരാറാണെന്നും കൃഷ്ണൻകുട്ടി വിശദീകരിച്ചു. കേരളത്തിന്റെ മിനിമം ജലാവകാശം ഉറപ്പാക്കിയശേഷം അധികജലം തിരിച്ചുകൊണ്ടുപോകുക എന്നതാണ് കരാറിന്റെ അടിസ്ഥാന തത്വം. മഴക്കുറവ് മൂലം അധികജലത്തിന്റെ അളവിൽ കുറവുണ്ടായാൽ അതിന്റെ നഷ്ടം തമിഴ്നാട് വഹിക്കേണ്ടതാണെന്നാണ് തന്റെ നിലപാടെന്നും കരാറിൽ ഡിസ്റ്റ്രസ് ഷെയറിങ് അഥവാ സർപ്ലസ് ഷെയറിങ് വ്യവസ്ഥകളില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാർ പ്രകാരം കേരളത്തിന് നൽകേണ്ട മിനിമം അളവിലുള്ള ജലം സംവിധാനത്തിൽ ലഭ്യമാണെങ്കിൽ അത് നിർബന്ധമായും നൽകാൻ തമിഴ്നാട് ബാധ്യസ്ഥമാണ്. എന്നാൽ ഈ വ്യവസ്ഥകൾ തമിഴ്നാട് അവഗണിക്കുകയാണെന്നും കേരളത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ശക്തമാകില്ലെന്ന ധാരണയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കരാർ ലംഘനങ്ങൾക്കെതിരെ സമ്മർദം ചെലുത്താൻ കേരളത്തിന് നിരവധി മാർഗങ്ങളുണ്ടെന്നും മുൻകാലങ്ങളിൽ ഇത്തരം നടപടികളിലൂടെയാണ് അർഹമായ ജലം നേടിയെടുത്തതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. കരാർ രൂപീകരണ സമയത്ത് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് കേരളത്തിന് നൽകിയ ഉറപ്പും അദ്ദേഹം പരാമർശിച്ചു. കരാർ ലംഘനമുണ്ടായാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിലുള്ള പറമ്പിക്കുളം സിസ്റ്റത്തിലെ ഡാമുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് കാമരാജ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ആ ഉറപ്പ് ആവശ്യമായ ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2019-ൽ കരാർ ലംഘനമുണ്ടായപ്പോഴും കേരളം മുൻകൈയെടുത്ത് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ തിരുവനന്തപുരത്ത് നേരിട്ട് ചർച്ച നടത്തിയ കാര്യം അദ്ദേഹം ഓർമിപ്പിച്ചു. കരാർ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗങ്ങളും അന്ന് ചർച്ച ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എ.പി കരാറിന്റെ കാര്യക്ഷമമായ നടത്തിപ്പിന് സ്ഥിരമായ നിരീക്ഷണ സംവിധാനവും വിദഗ്ധരുടെ ഉപദേശവും അനിവാര്യമാണെന്നാണ് കൃഷ്ണൻകുട്ടിയുടെ അഭിപ്രായം. ഉദ്യോഗസ്ഥർ നിരന്തരം മാറുന്ന സാഹചര്യത്തിൽ വിഷയത്തിൽ പരിചയസമ്പത്തുള്ളവരെ ഉൾപ്പെടുത്തി വിദഗ്ധ ഉപദേശക സമിതി രൂപീകരിക്കണം. അല്ലെങ്കിൽ കാവേരി മാതൃകയിൽ പി.എ.പി മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കുന്നതും പരിഗണിക്കണം.

വെള്ളത്തിന്റെ ആവശ്യം ഉയരുമ്പോൾ മാത്രം സംയുക്ത ബോർഡ് യോഗം വിളിക്കുന്നതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ലഭ്യമായ ജലം മുഴുവൻ തമിഴ്നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഇടപെടലുകൾ നടത്താൻ കേരളത്തിന് കഴിയണമെന്നും കെ. കൃഷ്ണൻകുട്ടി തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply