You are currently viewing ‘എന്നെ തേടിയെത്തിയ ആദ്യ അംഗീകാരം’; സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് സിബി മലയിൽ

‘എന്നെ തേടിയെത്തിയ ആദ്യ അംഗീകാരം’; സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് സിബി മലയിൽ

പ്രമുഖ സാംസ്കാരിക-നാടക പ്രവർത്തകനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത സംവിധായകൻ സിബി മലയിൽ. കൃഷ്ണമൂർത്തിയുമായുള്ള തന്റെ ആദ്യകാല അനുഭവങ്ങളും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളും ഓർമിച്ചുകൊണ്ടാണ് സിബി മലയിൽ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.

1985-ന്റെ അവസാന മാസങ്ങളിൽ തന്റെ രണ്ടാമത്തെ സിനിമയുടെ ജോലികളുമായി തിരുവനന്തപുരത്തെ മാഞ്ഞാലിക്കുളം റോഡിലെ ഒരു ഇടത്തരം ഹോട്ടലിൽ താമസിക്കുമ്പോഴാണ് കൃഷ്ണമൂർത്തി തന്നെ തേടിയെത്തിയതെന്ന് സിബി മലയിൽ കുറിപ്പിൽ പറയുന്നു. സ്വയം പരിചയപ്പെടുത്തിയ ശേഷം, സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ നവാഗത സംവിധായകനെന്ന നിലയിൽ തന്നെ ആദരിക്കാൻ ആഗ്രഹിക്കുന്നതായി കൃഷ്ണമൂർത്തി അറിയിച്ചെന്നും അദ്ദേഹം ഓർമിച്ചു.

സംവിധായകനെന്ന നിലയിൽ തന്നെ തേടിയെത്തിയ ആദ്യ അംഗീകാരമായിരുന്നു അതെന്നും സിബി മലയിൽ വ്യക്തമാക്കി. ടാഗോർ തിയേറ്ററിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, ലോകോത്തര സംവിധായകൻ ജി. അരവിന്ദന്റെ സാന്നിധ്യത്തിൽ പ്രശസ്ത നടി സ്മിത പാട്ടീലിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കലാകാരന്മാരെ കണ്ടെത്തുകയും അവർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുകയും ചെയ്തിരുന്ന കൃഷ്ണമൂർത്തിയുടെ പ്രവർത്തനങ്ങൾക്ക് പിന്നീട് നിരവധി തവണ സാക്ഷിയായിട്ടുണ്ടെന്നും സിബി മലയിൽ കുറിച്ചു.

ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ.യുടെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ സംഘാടന പ്രവർത്തനങ്ങളിൽ കൃഷ്ണമൂർത്തിയോടൊപ്പം നിരവധി തവണ പ്രവർത്തിക്കാൻ അവസരം ലഭിച്ചതായും അദ്ദേഹം അനുസ്മരിച്ചു.

“കലയെയും കലാകാരന്മാരെയും ഇത്രമാത്രം ഹൃദയത്തോടു ചേർത്തുപിടിച്ച സൂര്യതേജസ്സിന് പ്രണാമം” എന്ന വാക്കുകളോടെയാണ് സിബി മലയിൽ തന്റെ അനുശോചന കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply