You are currently viewing ഗുണ്ടകളുമായി നിരന്തരം ബന്ധം; തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഗുണ്ടകളുമായി നിരന്തരം ബന്ധം; തിരുവല്ലയിലെ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ള ഗുണ്ടകളുമായി നിരന്തരം ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന നിഷാന്ത് പി. ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. പോലീസ് സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

കാപ്പാ കേസ് പ്രതിയും നാടുകടത്തപ്പെട്ടയാളുമായ റോഷൻ വർഗ്ഗീസ്, തൃശൂർ പീച്ചി പോലീസ് സ്റ്റേഷനിലെ ഹൈവേ റോബറി കേസിലെ പ്രതിയായ കിരൺ തുടങ്ങിയവരുമായി നിഷാന്ത് പി. ചന്ദ്രൻ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. രേഖാമൂലം മറുപടി നൽകാൻ മതിയായ സമയം അനുവദിച്ചെങ്കിലും ലഭിച്ച വിശദീകരണം അധികൃതർ തൃപ്തികരമായി കണ്ടില്ല. തുടർന്നാണ് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടിയിലേക്ക് കടന്നത്.

പോലീസ് സേനയുടെ അച്ചടക്കവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായ പെരുമാറ്റദൂഷ്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തൽ.

Leave a Reply