ബെംഗളൂരു: മതം പറയുന്നവർ മന്ത്രിമാരാകുകയും മതേതരത്വം പറയുന്നവർ വർഗീയവാദികളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബെംഗളൂരുവിൽ ആരംഭിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ ത്രിദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ മതത്തെക്കുറിച്ച് സംസാരിച്ചാൽ അത് മതേതരത്വമായി കണക്കാക്കപ്പെടുകയും എസ്.എൻ.ഡി.പി യോഗം അവകാശങ്ങൾ ഉന്നയിച്ചാൽ വർഗീയമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾ ആവശ്യപ്പെടുന്നത് വർഗീയതയാണെങ്കിൽ അതും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തെയും തന്നെയും നിരന്തരം വിമർശിക്കുന്നത് സംഘടനയെ അവഗണിക്കാനാകാത്ത ശക്തിയായി വളർന്നതിനാലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയലാഭത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വേണ്ടിയാണ് ചിലർ യോഗത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആത്മാഭിമാന പോരാട്ടത്തിന്റെ പ്രതീകമാണ് എസ്.എൻ.ഡി.പി യോഗമെന്നും അദ്ദേഹം പറഞ്ഞു.
4.5 കോടി രൂപയുടെ ആസ്തിയിൽ നിന്ന് 339 കോടി രൂപയുടെ ആസ്തിയിലേക്ക് സംഘടന വളർന്നത് കഴിഞ്ഞ 30 വർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വളർച്ചയെന്നും അതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ. ശങ്കറിന് ശേഷം സർക്കാർ തലത്തിൽ എസ്.എൻ.ഡി.പി യോഗത്തിനും മറ്റ് സമുദായ സംഘടനകൾക്കും ലഭിച്ച പരിഗണനയെക്കുറിച്ച് കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വസ്തുതകൾ പുറത്തുവന്നാൽ ആരാണ് അവഗണിക്കപ്പെട്ടതെന്നും ആരാണ് കൂടുതൽ നേട്ടങ്ങൾ നേടിയതെന്നും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയാണ് തന്റെ പ്രവർത്തനത്തിന്റെയും ജീവിതത്തിന്റെയും ഊർജമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടനാ നേതാക്കൾ സൗഹാർദ്ദത്തോടെ പ്രവർത്തിക്കണമെന്നും, നേതൃത്വം പദവി മാത്രമല്ല ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂണിയനുകളും ശാഖകളും കൂടുതൽ സജീവമാകണമെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതൃത്വത്തിനാണ് സംഘടനയ്ക്ക് കരുത്തേകാനാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പ്രതിനിധികളാണ് ബെംഗളൂരുവിലെ ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന നേതൃത്വ ക്യാമ്പിൽ പങ്കെടുക്കുന്നത്.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സാമൂഹിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള പരിപാടികൾ എന്നിവ ക്യാമ്പിൽ ചർച്ച ചെയ്യുകയും പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും.