കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വയനാട് വടുവഞ്ചാൽ ചിത്രഗിരി വനമേഖലയിൽ നിന്ന് സുരക്ഷിതരായി കണ്ടെത്തി. രണ്ട് പ്ലസ് ടു വിദ്യാർഥികളെയും 15 വയസ്സുള്ള പത്താം ക്ലാസ് വിദ്യാർഥിനിയെയുമാണ് പൊലീസ്, വനം വകുപ്പ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലൂടെ വെള്ളിയാഴ്ച രാത്രി കണ്ടെത്തിയത്.
വ്യാഴാഴ്ച പകൽ കാണാതായ താമരശ്ശേരി സ്വദേശികളായ വിദ്യാർഥികൾ രണ്ട് ബൈക്കുകളിലായാണ് വയനാട്ടിലെത്തിയത്. അന്വേഷണത്തിൽ, യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി ഇവർ മൊബൈൽ ഫോൺ വിറ്റതായും സ്കൂൾ യൂണിഫോം ഉപേക്ഷിച്ച ശേഷമാണ് കാട്ടിലേക്ക് കടന്നതെന്നും വ്യക്തമായി. വനമേഖലയിൽ ടെന്റടിച്ച് ദിവസങ്ങളോളം താമസിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി.
വടുവഞ്ചാൽ എസ്റ്റേറ്റിന് സമീപമുള്ള ചിത്രഗിരി വനമേഖലയിലാണ് വിദ്യാർഥികൾ തമ്പടിച്ചിരുന്നത്. പ്രദേശവാസികൾ കുട്ടികളെ കണ്ട് സംശയം തോന്നിയതോടെ നടത്തിയ പരിശോധനയ്ക്കിടെ ഇവർ കാപ്പിത്തോട്ടത്തിലേക്കും പിന്നീട് ഉൾക്കാട്ടിലേക്കും ഓടി മറയുകയായിരുന്നു. ഇതോടെ വനം വകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
കാടിന്റെ ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആരോഗ്യനില പരിശോധിച്ച ശേഷം രക്ഷിതാക്കൾക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
വിദ്യാർഥികൾ വീടുവിട്ടിറങ്ങാൻ കാരണമായ സാഹചര്യങ്ങളും സംഭവത്തിന് പിന്നിലെ മറ്റ് വസ്തുതകളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.