
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപരിധിയിൽ ഉണ്ടായിരുന്ന എല്ലാ കടൽമൈനുകളും അമേരിക്കൻ നാവികസേന നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.

കടലിടുക്കിൽ പുതിയതായി മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയോ ബോട്ടിനെയോ “ഉടൻതന്നെ വ്യവസ്ഥാപിതമായി നശിപ്പിക്കും” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മൈനിടലിനെതിരെ “സീറോ ടോളറൻസ്” നയം നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ സേനയുടെ സംവിധാനങ്ങളിലൂടെ ഹോർമുസിലെ ഓരോ ഭാഗവും നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള മാസങ്ങളായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ ആക്രമണങ്ങളും ഇറാനെതിരായ നാവിക ഉപരോധവും ഉൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത്. കടൽമൈനുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചെന്ന അമേരിക്കൻ ആരോപണവും നേരത്തെ ഉയർന്നിരുന്നു.
അതേസമയം, കടലിടുക്ക് പൂർണമായും സുരക്ഷിതമായി തുറന്നുവെന്ന അമേരിക്കൻ അവകാശവാദം സംബന്ധിച്ച് ചോദ്യങ്ങളും നിലനിൽക്കുന്നു. ലഭ്യമായ സമുദ്രഗതാഗത കണക്കുകൾ പ്രകാരം സംഘർഷത്തിന് മുമ്പുണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഹോർമുസിലൂടെയുള്ള എണ്ണയൊഴുക്കും കപ്പൽ ഗതാഗതവും ഇപ്പോഴും വളരെ താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് അമേരിക്കയുടെയും ഇറാന്റെയും അവകാശവാദങ്ങൾ തമ്മിൽ വൈരുധ്യം നിലനിന്നിരുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ആഗോള ഊർജവിപണിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കടലിടുക്ക് യഥാർഥത്തിൽ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ടോ എന്നത് വരും ദിവസങ്ങളിലെ കപ്പൽ ഗതാഗതവും എണ്ണ കയറ്റുമതി കണക്കുകളും വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ.