തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റ് ഇന്ന് (ജൂൺ 19) രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റായതിനാൽ സംസ്ഥാന രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും വലിയ ശ്രദ്ധയാണ് ബജറ്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മുൻ സർക്കാർ ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ് പുതുക്കിയും പുതിയ സർക്കാരിന്റെ നയപരമായ മുൻഗണനകൾ ഉൾപ്പെടുത്തിയും തയ്യാറാക്കിയതാണ് ഈ ധനകാര്യ രേഖ.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ “സദ്ഭരണവും സഹാനുഭൂതിയും” എന്ന ആശയമാണ് ബജറ്റിന്റെ മുഖ്യ പ്രമേയം. ജനക്ഷേമവും വികസനവും സാമ്പത്തിക പുനരുജ്ജീവനവും ഒരുപോലെ പരിഗണിക്കുന്ന സമീപനമാണ് ബജറ്റിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേക പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് നൽകുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാന വികസന രംഗത്ത് കേരളത്തെ പ്രധാന തുറമുഖ-അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ സമുദ്രം’ പദ്ധതിക്കും ബജറ്റിൽ പ്രാധാന്യം ലഭിച്ചേക്കും. തീരദേശ വികസനം, ലോജിസ്റ്റിക്സ്, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഈ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വരുമാന വർധനയ്ക്കായി ജിഎസ്ടി ചോർച്ച തടയുന്നതിനും നികുതി ശേഖരണം കാര്യക്ഷമമാക്കുന്നതിനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനുമുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുമെന്നാണ് ധനകാര്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ക്ഷേമപദ്ധതികളും വികസന പദ്ധതികളും എങ്ങനെ സമന്വയിപ്പിക്കുമെന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ പ്രധാന പരീക്ഷണമെന്ന് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.