കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ആരോഗ്യം, ടൂറിസം, വ്യവസായം, ഗതാഗതം, മത്സ്യബന്ധനം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകൾക്ക് വലിയ പ്രാധാന്യം നൽകി. വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിന്റെ പ്രധാന ആകർഷണം.
സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകരുന്ന നടപടിയായി സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വിലവർധനയും സർക്കാർ സൗജന്യ യാത്രാ പദ്ധതിയും മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ഈ തീരുമാനം വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യരംഗത്ത് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കും. 40 വയസ് കഴിഞ്ഞവർക്കായി വാർഷിക ആരോഗ്യ പരിശോധന, തീരമേഖലയിൽ കോസ്റ്റൽ കെയർ യൂണിറ്റുകൾ, മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ എന്നിവയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കുന്നതിനും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ വകയിരുത്തി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുകയും അധികമായി ലഭിക്കുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം.
വിനോദസഞ്ചാര മേഖലയ്ക്കായി 325.36 കോടി രൂപ നീക്കിവെച്ചു. വിനോദസഞ്ചാരത്തെ വ്യവസായമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ആലപ്പുഴ മെഗാ ടൂറിസം സർക്യൂട്ട്, ഹൗസ്‌ബോട്ട് അടിസ്ഥാനസൗകര്യ നവീകരണം, തീർഥാടന ടൂറിസം സർക്യൂട്ട്, പാതിരാമണൽ ഇക്കോ ടൂറിസം വികസനം, മുസിരിസ് പൈതൃക ടൂറിസം പദ്ധതി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. ‘ബ്രാൻഡ് വയനാട്’ പദ്ധതി, സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, എ.ഐ. അധിഷ്ഠിത സ്മാർട്ട് ടൂറിസം പ്ലാറ്റ്ഫോമുകൾ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി.
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനായി 200 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കാർഗോ, ലോജിസ്റ്റിക്സ്, എയർപോർട്ട് അധിഷ്ഠിത വ്യവസായ വികസനം, എയറോപാർക്കുകൾ, എയറോസിറ്റികൾ, വിമാനപരിപാലന കേന്ദ്രങ്ങൾ, പൈലറ്റ് പരിശീലന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കും.
സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി കേരളത്തെ ഒരു പോർട്ട് സിറ്റിയായി വികസിപ്പിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രമാക്കി മാരിടൈം സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനൊപ്പം റോഡ്, റെയിൽ, സമുദ്ര, ഉൾനാടൻ ജലപാത ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കും. കേരള മാരിടൈം പോളിസിയും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും നടപ്പാക്കും.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി 192.20 കോടി രൂപ വകയിരുത്തി. ആധുനിക നിരീക്ഷണ സംവിധാനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഉപയോഗിച്ച് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയിലും നിരവധി പ്രഖ്യാപനങ്ങളുണ്ട്. റാഗിങ് തടയുന്നതിനായി ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് ആപ്പ്’ അവതരിപ്പിക്കും. ഇ-ഗ്രാന്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുകയും സ്കൂൾ ഹെൽത്ത് ബ്രിഗേഡുകൾ രൂപീകരിക്കുകയും ചെയ്യും. പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി.
പരമ്പരാഗത വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും പ്രത്യേക പരിഗണന നൽകിയ ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് സമഗ്ര പാക്കേജ്, കൈത്തറി-കരകൗശല ഉൽപന്നങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോം, മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾക്ക് ഇൻകം സപ്പോർട്ട് സ്‌കീം എന്നിവ പ്രഖ്യാപിച്ചു. വ്യവസായ-ധാതു മേഖലയ്ക്കായി 1,555.08 കോടി രൂപയും അനുവദിച്ചു.
തീരദേശ ജനതയുടെ ക്ഷേമത്തിനായി മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി, പട്ടയമില്ലാത്ത തീരദേശവാസികൾക്ക് പട്ടയം, തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയ നടപടികൾ, മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക വർധിപ്പിക്കൽ തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തി.
കായിക-സാങ്കേതിക മേഖലകളിലും ശ്രദ്ധേയ പ്രഖ്യാപനങ്ങളുണ്ടായി. മലബാറിൽ ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ വകയിരുത്തി. സ്പേസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 5 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ ഉൽപന്നങ്ങളെ ആഗോള വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ബ്രാൻഡ് കേരള’ പദ്ധതിയും നടപ്പാക്കും.
സംസ്ഥാനത്തിന്റെ വികസന സാധ്യതകൾ വിപുലീകരിക്കുന്നതോടൊപ്പം സാമൂഹിക ക്ഷേമത്തിനും തൊഴിൽ സൃഷ്ടിക്കും പ്രാധാന്യം നൽകുന്ന സമഗ്ര ബജറ്റായാണ് 2026-27 ബജറ്റിനെ വിലയിരുത്തുന്നത്.