
കുന്നത്തൂർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് വിശദമായ നിവേദനം സമർപ്പിച്ചതായി ഉല്ലാസ് കോവൂർ എംഎൽഎ
അറിയിച്ചു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, വ്യവസായം, വൈദ്യുതി വിതരണം എന്നീ മേഖലകളിൽ മണ്ഡലം നേരിടുന്ന പ്രധാന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വികസന നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ശാസ്താംകോട്ടയിൽ പ്രവർത്തനം നിലച്ച കെഎസ്ആർടിസി സബ് ഡിപ്പോ പുനഃസ്ഥാപിക്കുക, കൂടുതൽ സർവീസുകളും രാത്രികാല സർവീസുകളും ആരംഭിക്കുക, ഇലക്ട്രിക് ബസ് ചാർജിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളുടെ തൊഴിൽ സാധ്യതയും നൈപുണ്യ വികസനവും ലക്ഷ്യമാക്കി ശാസ്താംകോട്ടയിൽ “ഡോ. ബി.ആർ. അംബേദ്കർ ഇന്റഗ്രേറ്റഡ് ഫിനിഷിംഗ് സ്കൂൾ” സ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം, ഹോസ്റ്റൽ സൗകര്യം, സ്ത്രീകൾക്കായി പ്രത്യേക പരിശീലന വിഭാഗം എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈസ്റ്റ് കല്ലട മേഖലയിലെ ദീർഘകാല ലോ വോൾട്ടേജ് പ്രശ്നത്തിനും വൈദ്യുതി തടസ്സങ്ങൾക്കും ശാശ്വത പരിഹാരമായി 110 കെവി സബ്‌സ്റ്റേഷൻ സ്ഥാപിക്കുകയും വൈദ്യുതി വിതരണ ശൃംഖല ആധുനികവത്കരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അന്തർദേശീയ ശ്രദ്ധ നേടിയ മൺറോത്തുരുത്തിനെ ഔദ്യോഗികമായി “ടൂറിസം ഗ്രാമം” ആയി പ്രഖ്യാപിക്കണമെന്നും ഹോംസ്റ്റേ വികസനം, ജലഗതാഗത സൗകര്യങ്ങൾ, വാക്ക് വേ, ലൈറ്റിംഗ്, ശുചിത്വ പദ്ധതി, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയിലെ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്കും ചെറുകിട യൂണിറ്റുകൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ്, അസംസ്കൃത കശുവണ്ടിക്ക് സബ്സിഡി, പലിശരഹിത വായ്പ, സ്ത്രീ തൊഴിലാളികൾക്കായി ക്ഷേമപദ്ധതികൾ എന്നിവ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തി കാർഡിയോളജി, ഡയാലിസിസ്, ഐസിയു, എൻഐസിയു, എംആർഐ, സിടി സ്കാൻ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും എംഎൽഎ ചൂണ്ടിക്കാട്ടി.
കുന്നത്തൂർ നിയോജകമണ്ഡലത്തിന്റെ ദീർഘകാല വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി സമർപ്പിച്ച നിർദേശങ്ങളിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉല്ലാസ് കോവൂർ എംഎൽഎ വ്യക്തമാക്കി.