
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ 2026 നവംബർ 13ന് കൊടിയേറി ആരംഭിച്ച് നവംബർ 22ന് സമാപിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
തിരുനാളിന്റെ ഭാഗമായി ഒരുക്കേണ്ട വിവിധ സൗകര്യങ്ങളും ക്രമീകരണങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. നവംബർ 13, 20, 21, 22 തീയതികളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുമെന്ന് മേയർ അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും തിരുനാളിനാവശ്യമായ എല്ലാ സേവനങ്ങളും നഗരസഭയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ശുചീകരണം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണം, ഗതാഗത നിയന്ത്രണം, തെരുവുവിളക്കുകൾ, മാലിന്യനിർമാർജനം തുടങ്ങിയ വിഷയങ്ങളും യോഗം വിലയിരുത്തി. തിരുനാളിനോടനുബന്ധിച്ച് ഭക്തർക്കും പൊതുജനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

നഗരസഭയിലെ വിവിധ വകുപ്പുകൾ, കെഎസ്ആർടിസി, പോലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ കിൻസി ഐവൻ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ക്രിസ്തുദാസ്, ഇടവക സെക്രട്ടറി തോമസ് മാർഷൽ, ജോയിന്റ് സെക്രട്ടറി സ്റ്റെഫ്രിൻ അലക്സാണ്ടർ, കോർഡിനേറ്റർ അനിൽ ഹില്ലാരി, ടി.എസ്.എസ്. കൺവീനർ രാജേഷ് രാജൻ, മറ്റ് പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
അസിസ്റ്റന്റ് വികാരി ഫാ. ഫ്രാങ്ക്ലിൻ ഡി സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി തോമസ് മാർഷൽ നന്ദി രേഖപ്പെടുത്തി.