
ആലപ്പുഴ: നൂറനാട് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിനായി അഞ്ച് ഏക്കർ ഭൂമി 99 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകി. നൂറനാട് ഐ.ടി.ബി.പി 27-ാം ബറ്റാലിയൻ ക്യാമ്പസിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനുള്ള നടപടികളിൽ നിർണായക പുരോഗതിയാണിത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കേന്ദ്രീയ വിദ്യാലയത്തിനായി വിട്ടുനൽകുന്നത്. ഐ.ടി.ബി.പി ക്യാമ്പസിനോട് ചേർന്നുകിടക്കുന്ന 3.27 ഏക്കറും അതിനോട് ചേർന്നുള്ള 1.73 ഏക്കറും ഉൾപ്പെടെ ആകെ അഞ്ച് ഏക്കർ ഭൂമിയാണ് ലഭ്യമാക്കുന്നത്.
ഭൂമി അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 2026 ജൂലൈ 15ന് ചേർന്ന ഉന്നതതല യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി നേരിട്ട് പങ്കെടുക്കുകയും വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെപ്റ്റംബർ എട്ടിന് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചത്.

കേന്ദ്രീയ വിദ്യാലയത്തിലെ ആകെ സീറ്റുകളിൽ 50 ശതമാനം സമീപപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്ന വ്യവസ്ഥയും അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നൂറനാടും സമീപപ്രദേശങ്ങളിലുമുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം പ്രയോജനപ്പെടുത്താൻ അവസരമൊരുങ്ങുമെന്ന് എംപി വ്യക്തമാക്കി.
ഭൂമി അളന്ന് അതിർത്തി നിർണയിക്കൽ, കൈമാറ്റ ഉത്തരവ് പുറപ്പെടുവിക്കൽ, പാട്ടക്കരാർ തയ്യാറാക്കൽ തുടങ്ങിയ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. റവന്യൂ, ആരോഗ്യ വകുപ്പുകൾ ഈ നടപടികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതിനായി തുടർ ഇടപെടലുകൾ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
നൂറനാടിന്റെ ദീർഘകാല വിദ്യാഭ്യാസ സ്വപ്നമായ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാകുന്നതുവരെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.