
ന്യൂഡൽഹി: വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ടിന് ഉണ്ടായ ദാരുണമായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ലൗനി തോമസ് എന്നിവരുള്പ്പെടെ 15 ഇന്ത്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി നേരത്തെ വിദേശകാര്യ മന്ത്രിക്ക് വിശദമായ കത്ത് നൽകിയിരുന്നുവെന്നും, അതിന്റെ തുടർച്ചയായാണ് മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വിഷയം വിശദമായി ചർച്ച ചെയ്തതെന്നും എംപി അറിയിച്ചു.
അപകടത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടത് അതീവ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ചൂണ്ടിക്കാട്ടിയ എംപി, മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം, ഹനോയിയിലെ ഇന്ത്യൻ എംബസി, ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ നടത്തിയ സമയോചിതമായ ഇടപെടലുകളെ അഭിനന്ദിച്ചു. എന്നാൽ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബോട്ടിന്റെ സാങ്കേതിക അവസ്ഥ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന്, അമിതഭാരം കയറ്റിയിരുന്നോയെന്ന്, പ്രവർത്തനത്തിലെ അശ്രദ്ധയോ മറ്റ് നിയമലംഘനങ്ങളോ ഉണ്ടായിരുന്നോയെന്ന് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്ന ഉയർന്നതല അന്വേഷണം വിയറ്റ്നാം സർക്കാർ നടത്തണമെന്ന് ഇന്ത്യ നയതന്ത്രതലത്തിൽ ശക്തമായി ആവശ്യപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു.
അതോടൊപ്പം, വിയറ്റ്നാം സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ച നടത്തി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിയറ്റ്നാം നിയമപ്രകാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതവുമായി അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ കേന്ദ്രസർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വിയറ്റ്നാം സർക്കാരുമായി നയതന്ത്രതലത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അപകടത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താൻ ആവശ്യമായ ഇടപെടലുകൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി എല്ലാ സാധ്യമായ നയതന്ത്ര ഇടപെടലുകളും നടത്തുമെന്നും മന്ത്രി ഉറപ്പുനൽകിയതായി എംപി വ്യക്തമാക്കി.
വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാനമായ ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തനിർണയവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.