You are currently viewing രാജ്യവ്യാപകമായി വോട്ടർമാരുടെ പേരുകൾ വെട്ടിനീക്കുന്നു; എസ്‌ഐആറിനെതിരെ അബിജീത് ദിപ്കെ

രാജ്യവ്യാപകമായി വോട്ടർമാരുടെ പേരുകൾ വെട്ടിനീക്കുന്നു; എസ്‌ഐആറിനെതിരെ അബിജീത് ദിപ്കെ

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്‌ഐആറിന്റെ ഭാഗമായി രാജ്യത്തുടനീളം വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യുകയാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അബിജീത് ദിപ്കെ. ഒരു സംസ്ഥാനത്തെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നും രാജ്യത്താകെ 13 കോടിയിലധികം പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ മുൻ ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെയും ദിപ്കെ വിമർശിച്ചു. ഇത്തരം നിയമനങ്ങൾ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി അധികാരത്തിലെത്തിയതിനുശേഷം പശ്ചിമ ബംഗാളിലും സമാനമായ സാഹചര്യമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിജെപി കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ അറ്റ് കൊച്ചി’ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനാണ് ദിപ്കെ എത്തിയത്. നടൻ പ്രകാശ് രാജും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പഴയ വോട്ടർപട്ടിക അടിസ്ഥാനമാക്കി വോട്ടർമാരുടെ വിവരങ്ങൾ വിശദമായി പരിശോധിച്ച് പട്ടിക പുതുക്കുന്ന നടപടിയാണ് എസ്‌ഐആർ. എന്നാൽ ഇതിന്റെ മറവിൽ അർഹരായ വോട്ടർമാരുടെ പേരുകൾ വ്യാപകമായി ഒഴിവാക്കപ്പെടുന്നുവെന്നാണ് സിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം.

Leave a Reply