പാലക്കാട്: എക്സൈസ് വകുപ്പ് നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരി വിരുദ്ധ പരിശോധനയ്ക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി എക്സൈസ് മന്ത്രി എം. ലിജു. പാലക്കാട് നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഷേക്ക് മുജീബ് റഹ്മാനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
സംസ്ഥാന അതിർത്തി മേഖലകളിൽ അതിസാഹസികമായി പരിശോധന നടത്തിവരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. മുജീബ് റഹ്മാന്റെ മൂക്കിന്റെ പാലത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചിറ്റൂർ എക്സൈസ് സർക്കിൾ, ചിറ്റൂർ റേഞ്ച്, കൊല്ലംകോട് റേഞ്ച്, കള്ള് ചെത്ത് തോപ്പ് പരിശോധനാ ടീം, നെന്മാറ റേഞ്ച് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഗോവിന്ദാപുരം, ചെമ്മണാംപതി എന്നീ സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെ ഉൾക്കാടുകളിലും തെങ്ങിൻതോപ്പുകളിലും ലഹരി പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം. ചെമ്മണാംപതി എ വൺ ക്വാറിക്ക് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് കാട്ടുപന്നി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
പരിക്കേറ്റ മുജീബ് റഹ്മാന്റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ അനുഷുമായി ഫോണിൽ സംസാരിച്ചതായി മന്ത്രി എം. ലിജു അറിയിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും മൂക്കിന്റെ പാലത്തിനേറ്റ പരിക്കിന് വിദഗ്ധ പരിശോധനയും തുടർചികിത്സയും ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും, ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സഹായവും എക്സൈസ് വകുപ്പ് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുജീബ് റഹ്മാൻ എത്രയും വേഗം പൂർണ ആരോഗ്യവാനായി എക്സൈസ് സേനയുടെ കരുത്തായി തിരിച്ചെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മന്ത്രി, അതിർത്തി മേഖലകളിൽ ജീവൻ പണയംവെച്ച് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാർഥ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു.