തിരുവനന്തപുരം: കൊച്ചി മണ്ഡലം എംഎൽഎ മുഹമ്മദ് ഷിയാസ് നിയമസഭയിൽ മട്ടാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലെ സേവനങ്ങളിലെ കാലതാമസവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തി.
മട്ടാഞ്ചേരി ജോയിന്റ് ആർടിഒയിൽ ലേണേഴ്സ് ലൈസൻസിനുള്ള സ്ലോട്ട് ലഭിക്കാൻ നിലവിൽ ഏകദേശം 90 ദിവസത്തെ കാത്തിരിപ്പാണ് അനുഭവപ്പെടുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 18 വയസ് പൂർത്തിയായ യുവാക്കൾ ലൈസൻസ് വേഗത്തിൽ എടുത്ത് വിദേശത്തും മറ്റ് സ്ഥലങ്ങളിലും തൊഴിൽ ആവശ്യങ്ങൾക്കായി അപേക്ഷിക്കേണ്ട സാഹചര്യത്തിൽ ഇത്രയും വലിയ കാലതാമസം വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മട്ടാഞ്ചേരി സബ് ആർടിഒ ഓഫീസിൽ പലപ്പോഴും കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലാകുന്ന സാഹചര്യമാണുള്ളതെന്നും, ഓൺലൈൻ സേവനങ്ങൾ പല സമയങ്ങളിലും ലഭ്യമാകുന്നില്ലെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഓഫീസ് കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്നും, ചെറിയ മഴ പെയ്താൽ പോലും ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.
ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ സാമ്പത്തിക പരിമിതികളും നിലനിൽക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. ഔദ്യോഗിക വാഹനത്തിൽ ഡീസൽ നിറയ്ക്കാൻ പോലും ആവശ്യമായ തുക ലഭിക്കാത്തതിനാൽ വാഹനസൗകര്യം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേണേഴ്സ് ലൈസൻസിനുള്ള സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് സേവനങ്ങൾ വേഗത്തിലാക്കണമെന്നും, ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ഓൺലൈൻ സംവിധാനങ്ങളുടെ കാര്യക്ഷമത, വാഹന സൗകര്യം ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരം കാണണമെന്ന് വകുപ്പ് മന്ത്രിയോട് നിയമസഭയിലൂടെ മുഹമ്മദ് ഷിയാസ് എംഎൽഎ ആവശ്യപ്പെട്ടു.