You are currently viewing പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നു; കേന്ദ്ര സർക്കാരിനെതിരെ കെ. രാധാകൃഷ്ണൻ എം.പി.

പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നു; കേന്ദ്ര സർക്കാരിനെതിരെ കെ. രാധാകൃഷ്ണൻ എം.പി.

വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലും ശീതകാല സമ്മേളനം വിളിച്ചുചേർക്കുന്നതിലെ കാലതാമസത്തിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ. പാർലമെന്ററി നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.

2026 ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനം ഇതുവരെ രാഷ്ട്രപതി ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് കെ. രാധാകൃഷ്ണന്റെ ആരോപണം. ഭരണഘടനയുടെ ആർട്ടിക്കിൾ 85(2)(a) പ്രകാരമുള്ള പ്രൊറോഗേഷൻ വിജ്ഞാപനം പുറപ്പെടുവിക്കാതെ 103 ദിവസം പിന്നിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബർ–ഡിസംബർ മാസങ്ങളിൽ നടക്കേണ്ട ശീതകാല സമ്മേളനത്തിന്റെ തീയതികൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമോ സമയക്രമമോ ഉണ്ടായിട്ടില്ലെന്നും എം.പി. പറഞ്ഞു. സമ്മേളനം ചേരുന്നതിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് ആവശ്യമാണെന്നിരിക്കെ സർവകക്ഷി യോഗം പോലും വിളിച്ചുചേർത്തിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ നിലനിർത്തുന്നതിലൂടെ വെറും രണ്ട് ദിവസത്തെ നോട്ടീസിൽ പാർലമെന്റ് വീണ്ടും വിളിച്ചുചേർക്കാൻ എക്സിക്യൂട്ടീവിന് സാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് കെ. രാധാകൃഷ്ണൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്നും പാർലമെന്ററി സമിതികളുടെ പരിശോധനയും വിശദമായ ചർച്ചകളും ഒഴിവാക്കിയും ബില്ലുകൾ തിരക്കിട്ട് പാസാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെന്ററി ഉത്തരവാദിത്തങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന ആരോപണം ഉന്നയിച്ച എം.പി., ഈ നടപടിയെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

വർഷകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക, പൂർണമായ ശീതകാല സമ്മേളനത്തിന്റെ സമയക്രമം പ്രഖ്യാപിക്കുക, സർവകക്ഷി യോഗം അടിയന്തരമായി വിളിച്ചുചേർക്കുക തുടങ്ങിയ ആവശ്യങ്ങളും കെ. രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിനുമുന്നിൽ ഉന്നയിച്ചു.

Leave a Reply