
പമ്പ: ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. റദ്ദാക്കുന്ന വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാകുന്നതിന് എട്ട് മണിക്കൂർ കൂളിങ് ഓഫ് കാലയളവ് ഏർപ്പെടുത്തി. 2026 നവംബർ 24 അർധരാത്രി മുതൽ പുതിയ സംവിധാനം നിലവിൽ വന്നു.
വൻതോതിൽ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം കൂട്ടത്തോടെ റദ്ദാക്കുന്നതും തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
വൻതോതിൽ വെർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ സൈബർ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. എന്നാൽ തീർഥാടകരുടെ പ്രവേശനം തടയുന്നതിനായി സംഘടിതമായ ശ്രമം നടന്നുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സാധുവായ ബുക്കിങ്ങുമായി എത്തുന്ന ഒരു തീർഥാടകനെയും മടക്കി അയക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകി. വിവിധ ബുക്കിങ് സംവിധാനങ്ങളിലൂടെ ലഭിച്ച സാധുവായ ബുക്കിങ് ഉള്ളവർക്ക് ദർശനത്തിന് അവസരം ഉറപ്പാക്കും.
തീർഥാടകരുടെ തിരക്ക് പരിഗണിച്ച് സ്പോട്ട് ബുക്കിങ് പരിധി ഇതിനകം 5,000 സ്ലോട്ടുകൾ കൂടി വർധിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും 5,000 സ്ലോട്ടുകൾ കൂടി അനുവദിക്കാനും തീരുമാനമുണ്ട്.
നവംബർ 23ന് ഏകദേശം 75,000 തീർഥാടകരാണ് ശബരിമലയിൽ എത്തിയത്. നവംബർ 24ന് 80,000ത്തോളം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലയ്ക്കലിൽ ഒരേസമയം 12,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസിയുടെ സർക്കുലർ ബസ് സർവീസുകളും വിപുലീകരിച്ചിട്ടുണ്ട്.
അതേസമയം, തീർഥാടകർക്ക് വിതരണം ചെയ്യുന്നതിനുള്ള അപ്പം, അരവണ ശേഖരം ആവശ്യത്തിന് ലഭ്യമാണെന്നും ദേവസ്വം അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം എല്ലാ തീർഥാടകർക്കും സുഗമമായ ദർശനസൗകര്യം ഉറപ്പാക്കുകയാണ് പുതിയ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.