You are currently viewing കുടുംബാംഗങ്ങൾക്ക് റെയിൽ ടിക്കറ്റ് കൈമാറാം; നടപടിക്രമങ്ങൾ അറിയാം

കുടുംബാംഗങ്ങൾക്ക് റെയിൽ ടിക്കറ്റ് കൈമാറാം; നടപടിക്രമങ്ങൾ അറിയാം

ചെന്നൈ: യാത്രാ പദ്ധതികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കുമ്പോൾ സ്ഥിരീകരിച്ച റെയിൽവേ ടിക്കറ്റുകൾ പാഴാകുന്നത് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ അനുവദിക്കുന്ന “ഒറ്റത്തവണ നാമമാറ്റ” (Name Transfer) സൗകര്യത്തെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിച്ച് ദക്ഷിണ റെയിൽവേ. ഔദ്യോഗിക സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് റെയിൽവേ ഈ സൗകര്യത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.

നിലവിലെ ചട്ടങ്ങൾ പ്രകാരം, സ്ഥിരീകരിച്ച റിസർവേഷൻ ടിക്കറ്റുകൾ അടുത്ത കുടുംബാംഗങ്ങളായ ഭർത്താവ്/ഭാര്യ, മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഒരുതവണ മാത്രം കൈമാറാൻ സാധിക്കും. കൂടാതെ വിവാഹ സംഘങ്ങൾ, ടൂറിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയിലെ അംഗങ്ങൾക്കിടയിലും സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും നാമമാറ്റം അനുവദിക്കുന്നുണ്ട്.

ഈ സൗകര്യം ലഭിക്കുന്നതിനായി യാത്രക്കാർ ബന്ധപ്പെട്ട റെയിൽവേ റിസർവേഷൻ ഓഫീസിൽ യാത്ര പുറപ്പെടുന്നതിന് 24 മുതൽ 48 മണിക്കൂർ മുമ്പ് വരെ രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖകളും ബന്ധം തെളിയിക്കുന്ന ആവശ്യമായ രേഖകളും ഹാജരാക്കേണ്ടതുണ്ട്.

അതേസമയം, ഈ നാമമാറ്റ സൗകര്യം സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകമെന്നും വെയിറ്റിംഗ് ലിസ്റ്റ് (Waitlisted) ടിക്കറ്റുകൾക്കും ആർ.എ.സി (RAC) ടിക്കറ്റുകൾക്കും ഇത് അനുവദിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.

Leave a Reply