
ശാസ്താംകോട്ട: ഭരണിക്കാവിൽ രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംഗ്ഷന് സമീപമുള്ള കടപുഴ റോഡിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.