
നാഗോയ: 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. 2026-ലെ നാഗോയ ഏഷ്യൻ ഗെയിംസ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി.

1982-ൽ സ്വർണം നേടിയതിനുശേഷം ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയ്ക്ക് നിർണായകമായത്. റിവേഴ്സ് സ്റ്റിക്ക് ഷോട്ടിലൂടെ താരം പന്ത് വലയിലെത്തിച്ചു.

മത്സരത്തിലുടനീളം ചൈനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ താരങ്ങൾ മികവ് പുലർത്തി. ഗോൾകീപ്പർ സവിത പുനിയയുടെ നിർണായക സേവുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ചൈനയ്ക്ക് ലഭിച്ച പെനാൽറ്റി സ്ട്രോക്ക് തടഞ്ഞ സവിത ടീമിന്റെ ലീഡ് നിലനിർത്തി.
അവസാന വിസിൽ മുഴങ്ങിയതോടെ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന് വിജയം ആഘോഷിച്ചു. 44 വർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സ്വർണനേട്ടത്തിനൊപ്പം ഒളിമ്പിക്സ് യോഗ്യതയും സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ഇത് ഇരട്ടിമധുരമായി.