
ഷൊർണ്ണൂർ: ഷൊർണ്ണൂർ ജങ്ഷൻ–വള്ളത്തോൾ നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 11(1) വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ നെടുമ്പുര, ചെറുതുരുത്തി വില്ലേജുകളിലായി ആകെ 4.3381 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ആലത്തൂർ എംപി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം–പാലക്കാട് റെയിൽവേ ഡിവിഷനുകളുടെ അതിർത്തി മേഖലയായ ഇവിടെ നിലവിലുള്ള സിഗ്നൽ സംവിധാനങ്ങളും ഒറ്റ, ഇരട്ട പാതകളുടെ പരിമിതികളും കാരണം ട്രെയിനുകൾ ദീർഘനേരം പിടിച്ചിടേണ്ട സാഹചര്യമുണ്ട്. മൂന്നും നാലും പാതകൾ യാഥാർഥ്യമാകുന്നതോടെ റെയിൽവേയുടെ ഗതാഗതശേഷി വർധിപ്പിക്കാനും ട്രെയിനുകളുടെ വേഗതയും സമയനിഷ്ഠയും മെച്ചപ്പെടുത്താനും കഴിയുമെന്ന് എംപി ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ തന്നെ പ്രദേശവാസികളുടെ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഇടപെടൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചേക്കിൾപ്പടി റോഡിനും മൈത്രി റോഡിനും ഇടയിൽ, കിലോമീറ്റർ 3/22-ൽ കേരള കലാമണ്ഡലം ബസ് സ്റ്റോപ്പിലേക്ക് ജനങ്ങൾക്ക് നേരിട്ട് എത്താൻ സുരക്ഷിതമായ മേൽപ്പാലമോ അടിപ്പാതയോ നിർമിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെടും.
പണിക്കർപടി റോഡിൽ കിലോമീറ്റർ 3/700 മുതൽ 3/800 വരെയുള്ള ഭാഗത്ത് വള്ളത്തോൾ നഗർ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കാതെ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും രോഗികൾക്കും സുരക്ഷിതമായി സഞ്ചരിക്കാൻ യാർഡിൽ കാൽനട മേൽപ്പാലം സ്ഥാപിക്കണമെന്നും ആവശ്യപ്പെടും.
പാത ഇരട്ടിപ്പിക്കലിന്റെയും യാർഡ് പുനർനിർമാണത്തിന്റെയും ഭാഗമായി നിലവിലുള്ള യാത്രാമാർഗങ്ങൾ അടച്ചുപൂട്ടുന്നതിന് മുമ്പ് പൂർണമായ ബദൽ റോഡുകളും യാത്രാസൗകര്യങ്ങളും നിർമിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്നും എംപി ആവശ്യപ്പെട്ടു.
റെയിൽവേയുടെയും നാടിന്റെയും വികസനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേ അധികൃതരുമായി നിരന്തരം ഇടപെടുമെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.