
ബംഗളൂരു: വയനാട്ടിലെ രാത്രി യാത്രാ നിരോധനം, മാനന്തവാടി–ബാവലി റോഡ് നിർമാണത്തിലെ കാലതാമസം, ബാവലി വഴിയുള്ള യാത്രാ നിരോധനത്തിന്റെ സമയദൈർഘ്യം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും മന്ത്രി പ്രിയങ്ക് ഖാർഗെയുമായും മാനന്തവാടി എംഎൽഎ ഉഷ വിജയൻ കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും സമർപ്പിച്ചു.

വിലങ്ങാട്–മാനന്തവാടി–കുട്ട–മൈസൂരു–ബംഗളൂരു യാത്രാ ഇടനാഴി യാഥാർഥ്യമാക്കുന്നതിനുള്ള ഇടപെടലും എംഎൽഎ ആവശ്യപ്പെട്ടു.

വിഷയങ്ങൾ വയനാട് എംപി പ്രിയങ്ക ഗാന്ധി നേരത്തെ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ബംഗളൂരുവിൽ ഉന്നതതല യോഗം വിളിച്ചുചേർക്കാൻ കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായും ഉഷ വിജയൻ വ്യക്തമാക്കി.
വയനാട് ജില്ലാ യുഡിഎഫ് കൺവീനർ എച്ച്.ബി. പ്രദീപ്, സുമേഷ് മംഗലശ്ശേരി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡിസംബറിൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഉഷ വിജയൻ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.