You are currently viewing പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: മങ്കട വെള്ളിലയിലെ പന്തല്ലൂർ മല കുരങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണ സംഭവം.

വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത്. പ്രദേശവാസികളായ ഏഴ് സുഹൃത്തുക്കൾ ചേർന്ന് പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് സന്ദർശിക്കാൻ പോയതിനിടെയാണ് അപകടം ഉണ്ടായത്.

അപ്രതീക്ഷിതമായി പെയ്ത കനത്ത വേനൽമഴയ്ക്കിടെ സംഘത്തിന് ഇടിമിന്നലേറ്റതായാണ് വിവരം. മലമുകളിലെ ഉൾവന പ്രദേശത്താണ് സംഭവം നടന്നത്. ഇതുമൂലം രക്ഷാപ്രവർത്തനം വൈകിയതായി നാട്ടുകാർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരും ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും മിന്നലേറ്റിരുന്നു. ഇവരിൽ ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി മങ്കട പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Leave a Reply