
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ആരോപിച്ച് ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശിനിയായ ഫേബ (27) ആണ് മരിച്ചത്. ഭർത്താവ് അനീഷ്.

ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഫേബയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യം സുഖപ്രസവം നടക്കുമെന്നായിരുന്നു ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നതെന്ന് കുടുംബം പറഞ്ഞു.
എന്നാൽ പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഫേബയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
അതേസമയം, ശസ്ത്രക്രിയ നടത്തുന്നതിൽ ഉണ്ടായ കാലതാമസമാണ് മരണത്തിനിടയാക്കിയതെന്നും ഡോക്ടർമാരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഫേബയുടെ മൃതദേഹം നിലവിൽ ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ആശുപത്രി അധികൃതരുടെയോ ആരോഗ്യവകുപ്പിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.