കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഡാങ്കുനിയിലെ ലക്സ് ഇൻഡസ്ട്രീസ് സംയോജിത വസ്ത്രനിർമാണ കേന്ദ്രത്തിന്റെ ₹600 കോടി മൂല്യമുള്ള വിപുലീകരണ പദ്ധതിക്ക് ഇന്ന് തറക്കല്ലിടും. പശ്ചിമ ബംഗാൾ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഏകദേശം ₹450 കോടി പുതിയ മൂലധന നിക്ഷേപമായിരിക്കും. കൂടാതെ, 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ നിർമ്മാണ-അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും സ്ഥാപിക്കും.
വിപുലീകരണം പൂർത്തിയാകുന്നതോടെ നിലവിലെ വാർഷിക ഉൽപ്പാദനശേഷിയായ ഏകദേശം 12 കോടി വസ്ത്രങ്ങളിൽ നിന്ന് 18 മുതൽ 20 കോടി വരെ അധിക ഉൽപ്പാദന ശേഷി കൈവരും. ഇതോടെ ആകെ വാർഷിക ഉൽപ്പാദന ശേഷി 30 കോടിയിലധികം വസ്ത്രങ്ങളായി ഉയരും.
പുതിയ വികസനത്തിന് ശേഷം നിർമാണ സമുച്ചയത്തിന്റെ ആകെ വിസ്തൃതി 20 ലക്ഷം ചതുരശ്ര അടിയായി വർധിക്കും. ഇതോടെ ഡാങ്കുനിയിലെ ഈ കേന്ദ്രം ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്രനിർമാണ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പദ്ധതി വഴി പശ്ചിമ ബംഗാളിൽ ഏകദേശം 3,000 പേർക്ക് നേരിട്ടും 6,000 പേർക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വ്യവസായ വികസനത്തിനും സംസ്ഥാനത്തിന്റെ തൊഴിൽ മേഖലക്കും പദ്ധതി വലിയ ഉണർവ് നൽകുമെന്നും അധികൃതർ വിലയിരുത്തുന്നു.