You are currently viewing അർഹതയുള്ള എല്ലാവർക്കും പട്ടയം; 100 ദിന പരിപാടിയിൽ 5,000 പട്ടയങ്ങൾ വിതരണം ചെയ്യും: മന്ത്രി എ. പി. അനിൽ കുമാർ

അർഹതയുള്ള എല്ലാവർക്കും പട്ടയം; 100 ദിന പരിപാടിയിൽ 5,000 പട്ടയങ്ങൾ വിതരണം ചെയ്യും: മന്ത്രി എ. പി. അനിൽ കുമാർ

കൊല്ലം: അർഹതയുള്ള എല്ലാവർക്കും ഭൂമിയുടെ പട്ടയം ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 5,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും, അതിൽ കൊല്ലം ജില്ലയിൽ നൽകുന്ന 569 പട്ടയങ്ങളും ഉൾപ്പെടുന്നതാണെന്നും മന്ത്രി അറിയിച്ചു.

കൊല്ലം കലക്ടറേറ്റിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാകണമെന്നും പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പട്ടികജാതി, പട്ടികവർഗ, തീരദേശ മേഖലകളിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ തരംമാറ്റത്തിനായി ലഭിച്ച 4,589 അപേക്ഷകൾ ഉൾപ്പെടെ ഏകദേശം 25,000 അപേക്ഷകൾ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂ നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടമുളയ്ക്കൽ കൊമ്പാട്ടിമല ഭാഗത്തെയും കരുനാഗപ്പള്ളിയിലെയും പട്ടയ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും, പത്തനാപുരം മുട്ടത്ത് കടവ് പാലത്തിന് സമീപം താമസിക്കുന്നവർക്ക് പട്ടയം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. വനഭൂമിയിലെ പട്ടയവിതരണത്തിനായി കേന്ദ്ര സർക്കാരിന്റെ അനുമതി നേടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പരവൂർ വില്ലേജിലെ മാലാകായൽ പ്രദേശത്തെ റെയിൽവേ ഭൂമിയുടെ രേഖകളിലെ അപാകതകൾ പരിഹരിച്ച് പട്ടയവിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ 1,259 സുനാമി ഫ്ലാറ്റുകളുടെ പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും, തീരദേശ മേഖലയിലെ അവശേഷിക്കുന്ന 44 കുടുംബങ്ങൾക്കും കാലതാമസമില്ലാതെ പട്ടയം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ 196 അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചതായും ഡിജിറ്റൽ റീസർവേ നടപടികൾ കൂടുതൽ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. പരവൂർ നഗരസഭ ടൗൺഹാൾ-ഷോപ്പിങ് സമുച്ചയ നിർമാണം, തേവലക്കര വൈദ്യുതി സബ്‌സ്റ്റേഷൻ, ആശ്രാമം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഓട നിർമാണം, തിരുമുല്ലവാരം ഓഷ്യനേറിയം പദ്ധതി എന്നിവയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകി.

കരുനാഗപ്പള്ളി–ശാസ്താംകോട്ട റെയിൽവേ മേൽപ്പാലം, വാടി–തങ്കശേരി റോഡ്, മുണ്ടക്കൽ–കാച്ചിക്കടവ് പാലം, കാപ്പിൽ–അഴീക്കൽ തീരദേശ ഹൈവേ തുടങ്ങിയ പ്രധാന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിൽ 62 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായതായും, ദുരന്തനിവാരണത്തിന്റെ ഭാഗമായി 3,587 ഭവനനാശ കേസുകൾക്ക് ധനസഹായം അനുവദിച്ചതായും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിലെ ഒഴിവുകൾ നികത്തി അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജയശ്രീ, ജില്ലാ കലക്ടർ ആനി ജൂൾ തോമസ്, എ.ഡി.എം. എസ്. സജീദ്, സബ് കലക്ടർ അഖിൽ വി. മേനോൻ എന്നിവരടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply