You are currently viewing കൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

കൊല്ലം–കോട്ടയം–എറണാകുളം മെമു 12 കോച്ചുകളുമായി സർവീസ് പുനഃസ്ഥാപിക്കും

ന്യൂഡൽഹി/കൊല്ലം: കഴിഞ്ഞ ഏതാനും ആഴ്ചകളായി എട്ട് കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന കൊല്ലം–കോട്ടയം–എറണാകുളം മെമു ട്രെയിനുകൾ വീണ്ടും 12 കോച്ചുകളോടെ സർവീസ് നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

മെമു ട്രെയിനുകളിലെ അസഹനീയമായ തിരക്ക് വിദ്യാർഥികൾ, വനിതാ യാത്രക്കാർ, ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സാഹചര്യമാണ് പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവന്നതെന്ന് എം.പി. ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അടിയന്തര പരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്ന് റെയിൽവേ ആസ്ഥാനത്ത് നിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അധിക കോച്ചുകൾ അനുവദിക്കുന്നതിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

ആവശ്യമായ കോച്ചുകൾ ശനിയാഴ്ച കൊല്ലത്ത് എത്തുമെന്നാണ് വിവരം. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഞായറാഴ്ച മുതൽ തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാൻ ശ്രമം നടക്കുന്നതായും, അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ കൊല്ലം–കോട്ടയം–എറണാകുളം മെമു പൂർണമായും 12 കോച്ചുകളോടെയായിരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കണമെന്ന ആവശ്യവും ഉൾപ്പെടെ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഇടപെടലുകൾ തുടരുമെന്നും എം.പി. വ്യക്തമാക്കി.

Leave a Reply