You are currently viewing നീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

നീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ 26-കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. ദുരന്തബാധിത കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുകയും ചെയ്തു.

ജൂലൈ 31-ന് നീണ്ടകര അഴിമുഖത്തിന് പടിഞ്ഞാറ് 14 പേരുമായി സഞ്ചരിച്ച മത്സ്യബന്ധന വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് തലമുറകൾ ദുരന്തത്തിനിരയായി. ഗൗതം കൃഷ്ണയുടെ മുത്തശ്ശൻ രാജീവൻ (74), പിതാവ് രാധാകൃഷ്ണൻ (48) എന്നിവർ അപകടത്തിൽ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി.

എന്നാൽ ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തിരച്ചിൽ ഫലം കാണാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി കുടുംബവീട് സന്ദർശിച്ചത്. ഗൗതത്തിന്റെ അമ്മ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് കൽപ്പേനി, പ്രത്യേക ഡൈവിംഗ് സംഘം, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് കടലിൽ തിരച്ചിൽ തുടരുന്നത്. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ദുരന്തത്തിൽ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന്റെ ഗൗരവം പരിഗണിച്ച് ആവശ്യമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply