
ചൊക്ലി: പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മേപ്പയൂർ സ്വദേശിനി ദീപലേഖ (51) ആണ് മരിച്ചത്.

ഇന്ന് രാവിലെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദീപലേഖ കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് ദീപലേഖയ്ക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. നേരത്തെ ചൊക്ലി പഞ്ചായത്തിൽ നിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് ഇവരെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് റദ്ദാക്കി പിണറായി പഞ്ചായത്തിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.
പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇന്നലെയാണ് ദീപലേഖ കൈപ്പറ്റിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ യോഗത്തിനെത്തിയപ്പോൾ സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.