You are currently viewing ഒമാനിൽ വാഹനാപകടം; കാർ മറിഞ്ഞ് കണ്ണൂർ സ്വദേശിനി മരിച്ചു

ഒമാനിൽ വാഹനാപകടം; കാർ മറിഞ്ഞ് കണ്ണൂർ സ്വദേശിനി മരിച്ചു

സലാല: ഒമാനിലെ സലാല-ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു. എളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യയും തിലാന്നൂർ ബർഷമഹൽ സ്വദേശിനിയുമായ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാന സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോർട്ട്.

അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദ് (31), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അനസ് പൂളക്കൽ (26) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മസ്കത്തിലെ സീബിലുള്ള ഫാൽക്കൺ ഗ്രാഫിക്സ് സ്ഥാപനത്തിലാണ് ഷാനിദും അനസും ജോലി ചെയ്യുന്നത്. അടുത്തിടെയാണ് വിസിറ്റിങ് വിസയിൽ ഷാന ഒമാനിലെത്തിയത്.

അപകടത്തിന്റെ കാരണം സംബന്ധിച്ച് ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.

Leave a Reply