
തിരുവനന്തപുരം:ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം ഒക്ടോബർ 14ന് പുലർച്ചെ 2.30ഓടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി കണ്ണൂരിലെ ദേവികയുടെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ഓടെ ചിതാഭസ്മം വീട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുമതിയോടെയാണ് ജപ്പാനിൽ സംസ്കാരം നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയായിരുന്നു നടപടികൾ.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും നോർക്ക റൂട്ട്സ് നേതൃത്വം നൽകി.
ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക ആറുമാസം മുമ്പാണ് ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.
ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.